സമ്മി യാഹിയ വല വീശി; കയർ പിരിച്ച്‌ ആവേശഭരിതയായി ഭാര്യയും

സമ്മി യാഹിയ വല വീശി;  കയർ പിരിച്ച്‌ ആവേശഭരിതയായി ഭാര്യയും

കോട്ടയം > "‘ഞങ്ങൾ കുമരകം സന്ദർശനം ആസ്വദിച്ചു. ഗ്രാമീണരെല്ലാം വിനയാന്വിതരും സൗഹൃദം നിറഞ്ഞവരുമായിരുന്നു. കേരളീയ ഭക്ഷണത്തിന്റെ രുചിവൈവിധ്യവും സമാധാന ജീവിതവും നന്നായി ആസ്വദിച്ചു’’. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലുള്ള കുമരകം മാഞ്ചിറയിലെ ഗ്രാമീണ ടൂറിസം പാക്കേജിന്റെ ഭാഗമായ വിവിധ പ്രവർത്തനങ്ങൾക്കൊപ്പം മൂന്ന് മണിക്കൂർ ചെലവഴിച്ച ശേഷം ഇസ്രയേൽ മിനിസ്ട്രി ഓഫ് ടൂറിസത്തിന്റെ ഇന്ത്യ–- – ഫിലിപ്പൈൻസ് ഡയറക്ടർ സമ്മി യാഹിയയും ഭാര്യ സൊഹദ് യാഹിയയും നിറഞ്ഞ മനസ്സോടെ ഈ വരികൾ കുറിച്ചു.
മധുവിധുവിന്റെ ഭാഗമായാണ് ഇവർ കേരളത്തിലെത്തിയത്. കുമരകത്തെ ഗ്രാമീണ ടൂറിസം പാക്കേജിന്റെ ഭാഗമായി വിവിധ വീടുകളിലെത്തി. കയർ പിരിക്കുന്ന രീതികൾ കണ്ടതോടെ ആവേശത്തിലായ സൊഹദ് യാഹിയ കൈലി മുണ്ടുടുത്ത് തനി കയർത്തൊഴിലാളിയായി കയർ പിരിച്ചു. പിരിച്ച കയർകൊണ്ട് തലയിൽക്കെട്ടുണ്ടാക്കി നൽകിയതോടെ കിരീടം പോലെയത് തലയിൽ ധരിച്ചു. ചെമ്പരത്തി താളി ഉണ്ടാക്കുന്ന വിദ്യ കണ്ടപ്പോൾ, പ്രകൃതിയാലുള്ള ഷാംപൂ ഉണ്ടാക്കുന്നത് പഠിക്കണമെന്ന മോഹവും സൊഹദ് യാഹിയ പങ്ക് വച്ചു. ഇതേ സമയം സമ്മി യാഹിയ തെങ്ങിൽ കയറാനുള്ള പരിശ്രമത്തിലായിരുന്നു.
വലവീശി മീൻ പിടിക്കാനും കള്ള് ചെത്ത് കാണാനും സമയം ചെലവഴിച്ച ദമ്പതികൾ കുമരകത്തിന്റെ ചരിത്രവും കലാപാരമ്പര്യവും കമ്യൂണിറ്റി ടൂർ ലീഡറായ ഗീതുവിനോട് കൗതുകപൂർവം ചോദിച്ചറിഞ്ഞു. ഓല മെടയലും തഴപ്പായ നെയ്ത്തും കണ്ടതോടെ തനി നാട്ടുമ്പുറത്തുകാരിയായി മാറിയ സൊഹദ് യാഹിയ ഓലമെടയലിലും ഒരുകൈ നോക്കി.
ഇരുവരെയും ഉത്തരവാദിത്ത ടൂറിസം ജില്ലാ കോ ഓർഡിനേറ്റർ ഭഗത് സിങ് സ്വീകരിച്ചു. ഇസ്രയേൽ ടൂറിസം ഡയറക്ടറുടെയും ഭാര്യയുടെയും സന്ദർശനം കോവിഡാനന്തര ടൂറിസം പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്നതാണെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ രൂപേഷ്കുമാർ പറഞ്ഞു. കാക്കനാട് ആസ്ഥാനമായ മാഗി ഹോളിഡേയ്സ് ടൂർ കമ്പനിയാണ് ഇവരുടെ സന്ദർശനം ക്രമീകരിച്ചത്.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by