ഒത്തിരി മിണ്ടാൻ ഒരു മുഖം

ഒത്തിരി മിണ്ടാൻ ഒരു മുഖം

ഫെയ്സ്ബുക്കും വാട്സാപ്പും അടുത്ത ദിവസംമുതൽ ഇന്ത്യയിൽ ലഭ്യമാകില്ല!! വാർത്ത കേട്ടവർ ഒന്ന് ഞെട്ടി. ഈ ലോക്ഡൗൺ കാലത്തിനി ആളുകളോട് എങ്ങനെ മിണ്ടും? അപ്പോഴാണ് ക്ലബ്ഹൗസ്- ഓഡിയോ ഒൺലി ആപ്പിനെക്കുറിച്ച് അറിയുന്നത്. പിന്നീട് കണ്ടത് ഒരു ചെയിൻ റിയാക്ഷനായിരുന്നു. എല്ലാരും കൂട്ടത്തോടെ ക്ലബ്ഹൗസിലേക്ക് കുടിയേറി.

വന്നവർക്ക് വീണ്ടും സംശയം. ഐക്കണിലെ സ്ത്രീ ആരാണെന്ന്. കണ്ടാൽ ഒരു മോഡലിനെ പോലെയോ പഴയ സിനിമാ നടിയെപ്പോലെയോ ഒക്കെ തോന്നും. ഫ്രഞ്ച് സിനിമയായ ‘അമിലിയ'യിലെ നായിക ഔദ്രെ ആണോയെന്ന് പോലും ആളുകൾ ശങ്കിച്ചു.
ഒടുവിൽ ആളെ കണ്ടെത്തി. അമേരിക്കയിലെ വിഷ്വൽ ആർട്ടിസ്റ്റായ ഡ്രൂ കറ്റോക്ക.

സ്വന്തം മേഖലയിൽ മികവ് തെളിയിച്ച പ്രഗത്ഭരെ ക്ലബ്ഹൗസ് ഓരോതവണയും ആപ്പിന്റെ ഐക്കണായി തെരഞ്ഞെടുക്കുന്നുണ്ട്. ഇതിൽ എട്ടാമത്തെ ആളായാണ് ഡ്രൂ ക്ലബ്ഹൗസിന്റെ മുഖമാകുന്നത്.

ഐക്കൺ ആകുന്ന ആദ്യത്തെ ഏഷ്യൻ അമേരിക്കൻ (ജാപ്പനീസ് അമേരിക്കൻ) വംശജയാണ് ഡ്രൂ. ഡ്രൂ സജീവമല്ലാത്ത മേഖലകളില്ല. കല, രാഷ്ട്രീയം, സംവാദം, ആർട്ട് കലക്ടർ എന്നിങ്ങനെ വിവിധ മേഖലയിലുണ്ട് ആ കഴിവ്.

അമേരിക്കയിലെ ഏഷ്യൻ വംശജർക്കെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങൾക്കെതിരെയും ആക്രമണങ്ങൾക്കെതിരെയും നിരന്തരം ശബ്ദിക്കുന്ന വ്യക്തി.

2020ൽ ആപ് ആരംഭിച്ചപ്പോൾമുതൽ ഡ്രൂ പ്ലാറ്റ്ഫോമിൽ ആക്റ്റീവാണ്. ക്ലബ്ഹൗസിലൂടെ അവരെ കേൾക്കാനായി ഏഴുലക്ഷത്തിലധികം ആളുകളാണ് റൂമികളിലേക്ക് ഒഴുകിയെത്തുന്നത്. ലിംഗസമത്വം, വംശീയ വിരോധത്തിനെതിരെയുള്ള സംവാദങ്ങൾ എന്നിവയിലൂടെയാണ് ഡ്രൂ ലക്ഷങ്ങളെ തന്റെ വാക്ചാതുരിയിലൂടെ ആകർഷിച്ചത്.

ക്ലബ്ഹൗസിലെ 24 hoursoflove എന്ന പരിപാടിയിലൂടെ ഡോക്ടർ ബെർണീസ് കിങ്ങിനൊപ്പം അമേരിക്കയിലെ ഏഷ്യൻ വംശജർക്കെതിരെയുള്ള വംശീയ ആക്രമണം അവസാനിപ്പിക്കുന്നതിനായുള്ള ക്യാമ്പയിനിലേക്കായി ഒരു ലക്ഷം ഡോളറാണ് ഡ്രൂ സമാഹരിച്ച് നൽകിയത്.

ആപ്പിന്റെ നിർമാതാക്കൾ പോലും വിഭാവനം ചെയ്യാത്ത സാമൂഹ്യ മാറ്റത്തിനാണ് ഡ്രൂ തുടക്കം കുറിച്ചത്. വിവിധയിടങ്ങളിൽ നിന്നുള്ള ആളുകൾ ക്യാമ്പയിനിലേക്ക് സംഭാവന നൽകി.

സിലിക്കൺ വാലിയിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച ആർട് സ്റ്റുഡിയോകളിൽ ഒന്നായ ‘ഡ്രൂ കറ്റോക്ക സ്റ്റുഡിയോ'യുടെ ഉടമസ്ഥ കൂടിയാണിവർ.

വെർച്വൽ റിയാലിറ്റിയുടെ സാധ്യതകൾ ഉപയോഗിച്ച് കലാ സൃഷ്ടികൾ ഒരുക്കാനും ജനകീയ സമരങ്ങളിൽ അതിന്റെ സാധ്യതകൾ ഉൾക്കൊള്ളിക്കാനും ഡ്രൂ മുന്നിട്ടിറങ്ങി. ഇക്കഴിഞ്ഞ ജോർജ് ഫ്ലോയ്ഡ് അനുസ്മരണത്തോടനുബന്ധിച്ച് ഏഴ് ദിവസം നീളുന്ന ഓൺലൈൻ സമരപരിപാടിക്കും നേതൃത്വം നൽകി.

അഞ്ച് ഭൂഖണ്ഡത്തിലും മുപ്പതു രാജ്യങ്ങളിലുമായി ഡ്രൂവിന്റെ ആർട്ട് സ്റ്റുഡിയോയിലെ കലാസൃഷ്ടികൾ വിതരണം ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തന്റെ സൃഷ്ടികൾ അയച്ചുകൊടുത്തുകൊണ്ട് ആദ്യമായി "സീറോ ഗ്രാവിറ്റി എക്സിബിഷനും’ നടത്തി.

ഏറ്റവുമൊടുവിൽ മഹാമാരിയിൽ ഉഴറുന്ന ഇന്ത്യക്കായ് കൈകോർക്കാനും ഈ കലാകാരി മുന്നിട്ടിറങ്ങി. ഇന്ത്യയുടെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലേക്കായി ഹോപ് ഫൗണ്ടേഷനിലൂടെ 175000 ഡോളറാണ് ഡ്രൂ ക്ലബ്ഹൗസ്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നീ നവമാധ്യമങ്ങളിലൂടെ സമാഹരിച്ചത്.

ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ ക്ലബ് ഹൗസ് ആപ് ലഭ്യമായത് മെയ് 21നാണ്. ലോകത്തെമ്പാടും പതിനായിരങ്ങളാണ് ഓരോ ദിവസവും ആപ് ഡൗൺലോഡ് ചെയ്യുന്നത്. ഇതോടെ ആപ്പിന്റെ ഐക്കണിൽ വലതുവശം ചരിഞ്ഞു മുകളിലേക്ക് നോക്കിയിരിക്കുന്ന ഡ്രൂവിന്റെ ചിത്രവും അവരുടെ പ്രവർത്തനങ്ങളും അതിർത്തികൾ താണ്ടി ജനലക്ഷങ്ങളിലേക്ക് എത്തുകയാണ്.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by